തുറവൂർ: രക്ഷാപ്രവർത്തനത്തിനു പോയ ഫയർഫോഴ്സിന്റെ വാഹനത്തിന് മാർഗതടസമുണ്ടാക്കിയ സംഭവത്തിൽ വാഹനയുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസൻസ് ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും പങ്കെടുക്കണം.
കഴിഞ്ഞ ദിവസം തുറവൂരിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്ത സ്ഥലത്തേക്ക് പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനത്തിനാണ് സുജിത്ത് മാർഗതടസമുണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മോട്ടോർ വാഹനവകുപ്പ് ഇയാളോട് വിശദീകരണം തേടിയിരുന്നു. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ഉത്കണ്ഠയിലായിരുന്നുവെന്നും ബോധപൂർവം മാർഗ തടസമുണ്ടാക്കാൻ ശ്രമിച്ചതല്ലെന്നുമായിരുന്നു വാഹനയുടമയുടെ വിശദീകരണം. ഇത് തള്ളിയാണ് നടപടിയുണ്ടായത്.